ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് വാർഷിക പൊതുയോഗം ഓഗസ്റ്റ് 10ന് 11മണിക്ക് ശ്രീനാരായണ ജ്ഞാന ഗുരുകുലത്തിൽ ആരംഭിച്ചു.

ട്രസ്റ്റ് ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അധ്യക്ഷത വഹിച്ചു, ട്രസ്റ്റ് അംഗങ്ങളുടെയും സാമൂഹിക സാംസ്കാരിക മേഖലയിലെ വിശിഷ്ട വ്യക്തികളുടെയും വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ട്രസ്റ്റിന്റെ ട്രഷറർ ശ്രീ അഭിലാഷ് യോഗത്തിന് സ്വാഗതം ആശംസിച്ചു. അധ്യക്ഷൻ ഉപക്രമ പ്രസംഗം നടത്തി. തുടർന്ന് ശ്രീനാരായണ ധർമ്മ പ്രചാരണത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച യാത്രികനും പ്രാസംഗികനുമായ ശ്രീ ഷൗക്കത്ത് ആറാമത്തെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജാതിഭേദം മതദ്വേഷം എന്നതിൻറെ അർത്ഥം കേവലം ജാതി നാമങ്ങളുടെ വർജ്ജനം മാത്രമല്ല, സമഭാവനയോടെ കുടുംബാംഗങ്ങളെയും കുട്ടികളെയും സുഹൃത്തുക്കളെയും എല്ലാം കാണുന്നതിനെയാണ് നാരായണഗുരു ലക്ഷ്യമാക്കിയത് എന്ന് ഗുരുകൃതികളെ വ്യാഖ്യാനിച്ചുകൊണ്ട് ലളിതമായി അദ്ദേഹം പറഞ്ഞു തന്നു. മുതിർന്നവർ ഒപ്പം കുട്ടികളെയും സമ്പന്നനും ദരിദ്രനും പണ്ഡിതനെയും പാമരനെയും ഒക്കെ തുല്യതാഭാവത്തിൽ സ്വീകരിക്കാനും ഉൾക്കൊള്ളുവാനും നമുക്ക് കഴിയണം ഗുരു ദർശനം മനസ്സിലാക്കി എടുക്കാൻ ഇനിയും രണ്ടു തലമുറകൾ കൂടി കഴിയേണ്ടി വരും എന്നും അദ്ദേഹം വിശേഷിപ്പിച്ചു. തുടർന്ന് കഴിഞ്ഞ കാലയളവിൽ അംഗത്വം എടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. ഗുരുദർശനം അടിസ്ഥാനപ്പെടുത്തിയുള്ള വൈജ്ഞാനിക കൂട്ടായ്മയായ ശ്രീനാരായണ ദേവസ്വം ട്രസ്റ്റിൻ്റെ ആറാമത് വാർഷിക പൊതുയോഗത്തിൽ 36 അംഗങ്ങൾ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം റിപ്പോർട്ടും കണക്കും അവതരിപ്പിക്കപ്പെട്ടു. സെക്രട്ടറി ഒരു വർഷത്തെ വിശദമായി റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വാർഷിക കാലയളവിലെ ധന വിനിയോഗ വിവരം അംഗങ്ങൾക്ക് ഓഫീസ് സെക്രട്ടറി വിശദീകരിച്ചു. പരമാനന്ദം എന്ന ബൃഹത് പദ്ധതി യാഥാർത്ഥ്യമായി കാണാൻ അതിയായി ആഗ്രഹിക്കുന്നു എന്ന് മുതിർന്ന അംഗം സദാശിവൻ സാർ അഭിപ്രായപ്പെട്ടു. പ്രവർത്തനങ്ങൾ വഴിവിട്ട് മരുതിമലയിലും മറ്റും പോയതുകൊണ്ടാണ് കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാതെ പോകുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ആഗ്രഹിച്ചതുപോലെ ചുറ്റുപാടുകളിൽ വസ്തു വാങ്ങി ചേർക്കാൻ കഴിയാത്തതിനാലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയാത്തത് എന്നും, ഇപ്പോൾ നാം ചെയ്യുന്ന പ്രവർത്തനങ്ങൾ ചുറ്റുപാടുകളിൽ ഈ വസ്തുക്കളുടെ വില വർദ്ധിപ്പിക്കുകയും കിട്ടാതാക്കുകയും ചെയ്യും എന്നും ചെയർമാൻ മറുപടി പറഞ്ഞു ശ്രീ രാജേന്ദ്രൻ കെ. ശ്രീ സുന്ദരേശൻ.ജി ശ്രീ സുരേഷ് കുമാർ ശ്രീമതി ഗീത സി ശ്രീ.രംഗലാൽ ആർ ശ്രീ.എൻ.ബാബുഷ തുടങ്ങി അനവധി പേർ ചർച്ചയിൽ പങ്കെടുത്തു. സാമ്പത്തികം പ്രതീക്ഷിക്കുന്നതുപോലെ കളക്ട് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ ധ്യാന മണ്ഡപത്തിന്റെ പണിപൂർത്തിയാക്കി, ലോകശ്രദ്ധ ആകർഷിക്കാൻ ഉള്ള പദ്ധതികൾ ആവിഷ്കരിക്കണം എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. വസ്തു വാങ്ങാൻ അതിർത്തിക്കാരുമായി സംസാരിക്കാമെന്ന് സദാശിവൻ സാർ പറഞ്ഞു. പ്രതിമാസ പരിപാടികൾ നടത്തുകയാണെങ്കിൽ, സ്വാമിമാരെ പങ്കെടുപ്പിക്കുന്നതിന്റെ ചിലവ് താൻവഹിക്കാം എന്ന് അദ്ദേഹം കമ്മിറ്റിയിൽ പ്രഖ്യാപിച്ചു. പ്രാർത്ഥന പരിപാടികൾ എല്ലാ ചതയത്തിനും സംഘടിപ്പിക്കുന്നതിന്.ജെ സുമംഗല ടീച്ചറെ ചുമതലപ്പെടുത്തി. വൈസ് പ്രസിഡണ്ട് ആയ ശ്രീമതി ഗീത സി ക്കും അതിന്റെ ചുമതല ഉണ്ടാകും. ക്യാമ്പസിൽ കൃഷി ചെയ്യാൻ താൽപര്യം കാണിച്ച ചില അംഗങ്ങളുടെ ആവശ്യം യോഗം അംഗീകരിച്ചു. വ്യക്തമായ രേഖ ഉണ്ടാക്കി വർഷാവർഷം പുതുക്കുന്ന നിലയിൽ കൃഷി ചെയ്യുന്നത് നല്ലതാണ് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ശ്രീ മോഹനൻ.പി കെ തനിക്ക് ക്യാൻസർ രോഗമാണ് എന്നും ചികിത്സയ്ക്ക് വലിയ ചെലവുള്ളതിനാൽ പെട്രൺ അംഗത്വം പിൻമാറാൻ നൽകിയ അപേക്ഷയിൽ അംഗത്വത്തിൽ നിന്ന് പിന്മാറാതെതന്നെ, അംഗങ്ങൾ ചേർന്ന് പിരിച്ച് അദ്ദേഹത്തിന് ധനസഹായം നൽകാൻ യോഗം തീരുമാനിച്ചു. കേവലം ആറ് വർഷം കൊണ്ട് മൂന്നു കോടിയോളം രൂപ ആസ്തിയുള്ള ഒരു മഹാപ്രസ്ഥാനമായി നാം വളർന്നു കഴിഞ്ഞു എന്നും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായം വേണം എന്നും ചെയർമാൻ യോഗത്തിൽ വിശദീകരിച്ചു. മരുതി മലയിലെ പ്രതിമാ നിർമ്മാണത്തിന് പോയത് സംസ്ഥാന രാജ്യ ശ്രദ്ധ ആകർഷിക്കുന്നതിനും അതുവഴി ധനം സമാഹരിക്കാനും ആണ് എന്നും അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സ്ഥിരം വരാതിരിക്കുന്ന നാല് പേരെ ഒഴിവാക്കി പുതിയതായി നാലു പേരെ കൂടി ഉൾപ്പെടുത്തുമെന്ന് ചെയർമാൻ യോഗത്തെ അറിയിച്ചു. ചർച്ചകൾക്ക് ഒടുവിൽ ശ്രീ സുശീലൻ യോഗത്തിന് നന്ദി പറഞ്ഞു, ഭക്ഷണം കഴിച്ച് എല്ലാവരും പിരിഞ്ഞു. ഉടൻതന്നെ എക്സിക്യൂട്ടീവ് ചേർന്ന് ഭാവി പരിപാടികൾ പ്ലാൻ ചെയ്യുന്നതാണ് എന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.